Tuesday 24 February 2015

മുഖലക്ഷണം നോക്കി സ്നേഹിക്കുന്ന പെണ്ണിന്റെ പേര് പറയണോ..?

എറണാകുളം മഹാരാജാസ് ഗ്രൌണ്ടിനു പുറകിലുള്ള റോഡിൽ കൂടി തിരക്ക് പിടിച്ചു വച്ചു  പിടിപ്പിക്കുകയായിരുന്നു. റോഡിൽ തണലിന്റെ മറപിടിച്ചു കുറെ  ആളുകള്  ചുമ്മാ ഇരിരിപ്പുണ്ട്..മുഖലക്ഷണം ..കൈനോട്ടം..മറ്റു പല വിദ്യകളും..!  ഈ വിദ്യകളൊക്കെ  വെറും തട്ടിപ്പുകളാണ് എന്ന്  പള്ളിപെരുന്നളിനു  പോകും വഴി പണ്ട് പപ്പാ  പറഞ്ഞു തന്നിട്ടുള്ളത്  ഓർത്തു. മുഖത്തൊരു  കിലോ പുച്ച ഭാവം വരുത്തി നടത്തത്തിനു കുറച്ചു വേഗത കൂട്ടി.

 "മുഖത്ത് നോക്കി ലക്ഷണം പറയും വേണോ..? " അതിലോരുത്താൻ കേറി ഒന്ന് മുട്ടി നോക്കി. ഓടുന്ന പട്ടിക്കു മുന്പിലേക്കു ബിസ്കെറ്റ് ഇട്ടു കൊടുക്കുന്ന പോലെ ആണ് ചോദ്യം.
  "വേണ്ട" എന്ന് മൊഴിഞ്ഞു എങ്കിലും ഒന്ന് പരീക്ഷിച്ചാലൊഎന്നു ഉള്ളിന്റെ ഉള്ളിൽ  ഉണ്ടായിരുന്നു. എന്നാലും എപ്പോലോക്കെ കാർന്നോന്മാര്   പറയുന്നതു കേള്ക്കാതെ പോയിട്ടുണ്ടോ അപ്പോഴൊക്കെ കുഴിയിൽ ചെന്നു ചാടിയിട്ടുണ്ട്‌. മനസു കല്ലാക്കി, ഹനുമാനെ ധ്യാനിച്ച്‌  മുൻപോട്ടു തന്നെ നടന്നു.

"കടൽ  കടന്നു ജോലിക്ക് പോകാനുള്ള സാധ്യത കാണുന്നുണ്ട്"  

 മുഖലക്ഷ്നക്കാരൻ തന്റെ ക്യാൻവാസ്സിംഗ്  പരിപാടികളുമായി പുറകിൽ  കൂടി.  ചിലപ്പോ ശരി  ആയിരിക്കും ... ഗൾഫിൽ പോകാൻ നോക്കിയാലോ എന്ന് ഒരു ആലോചന കിടക്കുന്നുണ്ട്.

 "അമ്മയുടെ പോന്നു മോനാണ് . ശരിയല്ലെ?"  പുറകില നിന് അയ്യാൾ വിളിച്ചു പറഞ്ഞു. 

മുഖലക്ഷണം പറയേണ്ടത് മുഖം നോക്കിയല്ലേ..? പുറകില നിന്ന് ഈയ്യാൽ നിതംബ ലക്ഷണം ആണോ പറയുന്നത്..! എവടെ നോക്കി ആയാലും പറഞ്ഞത് ശരി തന്നെ. സത്യം പറയുന്നവനെ അങ്ങീകരിക്കുക തന്നെ വേണം. ചുമ്മാ തല തിരിച്ചു ഒന്ന് തലയാട്ടി എങ്കിലും നടത്തത്തിനു വേഗത ഒട്ടും കുറച്ചില്ല. എങ്കിലും മുഖലക്ഷ്നക്കാരന് അത് ഒരു പ്രോത്സാഹനം ആയി. 

"പറയുന്നത് ശരി ആണെങ്കില മാത്രം കേട്ടാൽ മതി."അയ്യാൾ പറഞ്ഞു. നടത്തത്തിന്റെ ഗതി വേഗം കുറച്ചു കുറഞ്ഞു. 
 "കാശു വേണ്ട." 
ആ പ്രലോഭനത്തിന് മുൻപിൽ വഴങ്ങാതിരുന്നാൽ അത് എന്റെ വ്യക്തിത്വത്തിന് തന്നെ എതിരായിപോകും. എന്നാ ഒന്ന് പരീക്ഷിച്ചു കളയാം. അന്ന് കയ്യില ഉള്ളത് സമയംവും ഇല്ലാത്തതു കാശും ആണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർടെർഡ് അക്കൌണ്ടന്റ്സ് നിയമപ്രകാരം നിര്ബന്ധിക്കുനത് കൊണ്ട് മാത്രം ,മാസം മാസം അക്കൌണ്ടിൽ "ബോസ്സ്" ഇടുന്ന  450 രൂപ സ്റ്റൈപന്റ് ആണ് യാത്രപടിക്ക് പുറമേ ഉള്ള ഏക വരുമാനം.  കാശു വേണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക് പിന്നെ ഒന്ന് പരീക്ഷിക്കുക തന്നെ.

 "മനസ്സിൽ വിചാരിക്കുന്നത് കൃത്യമായി പറയും .. ശരി ആണെങ്കില മാത്രം കേട്ടാൽ  മതി." അയ്യാൾ പറഞ്ഞു

. കാശു വേണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക്  ശരി തെറ്റുകൾ ക്ക്  ഇനി എന്ത് പ്രസക്തി..?

 "മനസ്സിൽ ഏതെങ്കിലും ഒരു പൂവ് വിചാരിക്ക്‌ . ഞാൻ ആപൂവ് ഏതാണെന്ന് പറയാം."

ഓഹോ..എന്നാ ശരി  വിചാരിച്ചു കളയാം.
"വേഗം വിചാരിക്കു..എന്തിനു ഇത്രയും ആലോചിക്കണം സാറേ" അയ്യാൾ തിടുക്കം കൂട്ടി.
മുല്ല പൂവ് മനസ്സിൽ ധ്യാനിച്ച്‌ ഞാൻ നിന്നു .
"പറയട്ടെ സർ ?"
ഉം.. ഞാൻ സമതഭാവത്തിൽ മൂളി .
"മുല്ല , റോസ , ചെമ്പരത്തി, പിച്ചി ..ഈ പൂക്കളിൽ ഒന്നല്ലേ സാറ് വിചാരിച്ചത്?"

നുണ പറയാൻ മനസ് വന്നില്ല . ഞാൻ സമ്മതിച്ചു. വെറും വഴിയോര മുഖലഷനക്കാരന്റെ ഭാവത്തിൽ നിന്ന് അയ്യാൾ ഒരു സൈക്യട്രിസ്റ്റിന്റെ മുഖഭാവത്തി ലേക്ക് സ്വയം അപ്ഗ്രേഡ് ചെയ്തു.
  "ഇപ്പോൾ സാറിനു വിശ്വാസം ആയല്ലോ.ഒരു ചെറിയ ദക്ഷിണ വച്ച് കൂടെ ? എന്നാൽ ബാക്കി ഉള്ളതുകൂടി പറയാം. "
ചോദ്യം ന്യായമാണ്. എന്നാലും.. ഈ മണ്ടത്തരത്തിന് എന്നെ പോലെ ഉള്ള ഒരുത്തന കാശു  മുടക്കുക എന്ന് വച്ചാൽ..
"എത്ര വേണം.. ?"
"സാറിന്റെ ഇഷ്ടം പോലെ മതി"  അയ്യാൾ വിനയാന്വിതനായി.
"ഞാൻ ഒരു 20   രൂപ തരും.. പറ്റോ ?" 
"നൂറു രൂപ  ആണ് എല്ലാവരും തരാറു. "
രക്ഷപെട്ടു.. "എന്നാ ശരി .അപ്പൊ ഞാൻ പോട്ടെ.." 20  രൂപ ചിലവാക്കാതെ രക്ഷപെട്ടു എന്ന് കരുതി ഞാൻ വേഗം തിരിഞ്ഞു നടന്നു. ഒരു ആവേസത്തിൽ  20  രൂപ തരാം എന്ന് പറഞ്ഞെങ്കിലും , അത് എന്റെ മാസ വരുമാനത്തിന്റെ അഞ്ച് ശതമാനത്തോ ളം  വരും.  വൈകി ആണെങ്കിലും എന്നിലെ ഏകാനോമിസ്റ്റ് ഉണര്ന്നു.
"എന്നാ 20  മതി"
ഞാൻ പെട്ടു .
അങ്ങനെ 2 പത്തു രൂപ നോട്ടുകൾ   എന്നെ വിട്ടു പിരിഞ്ഞു.
 പിന്നെ അയ്യാൾ എന്നെ പുകഴ്ത്തി കുറെ സംസാരിച്ചു. " സ്വന്തമായി തീരുമാനങ്ങൾ ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് സാർ .മുഖം നോക്കാതെ സത്യത്തിന്റെ കൂടെ നില്ക്കും . പലപ്പോഴും മറ്റുള്ളവര സാറിനെ മനസിലാക്കാറില്ല." എനിക്ക് എന്നെ പറ്റി  തന്നെ ഒരു മതിപ്പ് തോന്നി. ഇത് വരെ എന്നെ പറ്റിയുള്ള പല സത്യങ്ങളും ഞാൻ ഇയ്യാൾ പറഞ്ഞാണ് അറിയുന്നത്.  ഓക്കേ എന്തായാലും കൊള്ളാം . 20  രൂപ കൊടുത്തതിനു പകരം അമ്പതു രൂപ യുടെ പണി എടുത്തു എന്ന് ഉറപ്പായപ്പോൾ ഞാ ൻ മെല്ലെ സ്ഥലം വിടാൻ ഒരുങ്ങി. "സാർ .. ദക്ഷിണ എന്തെങ്കിലും കുറച്ചു കൂടി  ..ഇത്രേം പറഞ്ഞതല്ലേ. "
ശ്ശെടാ.. കാശൊന്നും വേണ്ട എന്ന് പറഞ്ഞിട്ടല്ലേ ഞാൻ ഈ പുളിവാലിനു ഒക്കെ നിന്നത്.
"താൻ ഈ പറഞ്ഞതൊക്കെ എനിക്ക് അറിയാവുന്ന കാര്യങ്ങൾ അല്ലെ.. പിന്നെ കാസ് വേണ്ട എന്ന് മുൻപേ സമ്മതിച്ചതാണ്  താനും"
ഇനി നിന്നാൽ പ്രശ്നം ആണ്..ഞാൻ മെല്ലെ സ്കൂട്ടാവാൻ നോക്കി.

"സാറിനെ മനസ്സിൽ ധ്യാനിച്ച്‌ ഒരു പെണ്ണ് ഇരിക്കുന്നുണ്ട്‌"

ആണായി പിറന്നവരെല്ലാം ഒന്ന് പതറും..! എനിക്കാണേൽ അവളെ പറ്റി  കുറച്ചു നാളായി ഒരു സംശയം ഉണ്ട് താനും.  തനിച്ചു കാണുമ്പോൾ ഒരു നാണം കലര്ന്ന ചിരി..! അവള് തന്നെ ആയിരിക്കുമോ? 
"പേര് ഞാൻ പറയാം സാറേ. ഒരു 200 രൂപ തന്നാൽ മതി. "
അത് വേണ്ട. "200 രൂപ കൊടുത്തിട്ട് എനിക്ക് അങ്ങനെ അറിയണ്ട . ഞാൻ കണ്ടു പിടിച്ചോളാം." 
"150 രൂപ തന്നാലും മതി"
"വേണ്ട ചേട്ടാ"
"ഒരു 100 രൂപ തന്നു കൂടെ? സ്നേഹിക്കുന്ന പെണ്ണിന്റെ പേര് കേള്ക്കാൻ ഒരു 100 രൂപ ചിലവാക്കി കൂടെ"

"എന്റെ കയ്യില 50 രൂപയെ ഒള്ളു ചേട്ടാ" 

"എന്നാ അത് തന്നാൽ  മതി" 

  അമ്പതു രൂപ വിലവരുന്ന ,നിയമ സാധുത തീരെ ഇല്ലാത്ത , മാനസീക ഉടമ്പടിയിൽ ഞങൾ ഒപ്പ് വച്ചു . 

"ഇപ്പൊ ചേട്ടന് സംശയം ഉള്ള എല്ലാ പെണ്‍കുട്ടികളെയും ഒന്ന് മനസിലേക്ക് കൊണ്ടുവരാമോ?"
എന്റെ മനസിൽ  അവളുടെ പേര് മാത്രമേ ഒള്ളു .

"അവളുടെ പേരിന്റെ അവസാന അക്ഷരം "a"  അല്ലെങ്കിൽ "i" എന്നാ അക്ഷരത്തിൽ ആണ് അവസാനിക്കുന്നത് ." അഭിനവ സൈക്യട്രിസ്റ്റ് മൊഴിഞ്ഞു.

എന്റെ മനസിൽ  ഒരു മോഹ പക്ഷി ചിറകു കുടഞ്ഞു.. അതെ .. അവളുടെ പേര് അവസാനിക്കുന്നത് "i" എന്നാ അക്ഷരത്തിൽ തന്നെ. (പ്രത്യേക അറിയിപ്പ്: ഇപ്പോൾ കല്യാണം കഴിഞ്ഞു ഭാര്യയും കുട്ടികളും ഉണ്ടെന്നതിനാലും, അവസാന അക്ഷരം വച്ച് അവളുടെ പേര് ഭാര്യ കണ്ടു പിടിക്കാതിരിക്കാനും വേണ്ടി മേല്പറഞ്ഞ അവസാന അക്ഷരം "i" എന്നത് സത്യമാകാനും ,അല്ലാതിരിക്കാനും , വെറും സാങ്കല്പികം മാത്രമാകാനും
സാധ്യത ഉണ്ട്.  ) എന്റെ മുഖത്തെ ഭാവ പ്രകടനം കണ്ടാൽ  തന്നെ ഏതവനും മനസിലാകും  ഉള്ളില ലഡ്ഡു പൊട്ടിയെന്നു. പിന്നെ ആണോ ഒരു മുഖലക്ഷന്കാരന്. 
പറഞ്ഞു ഉറപിച്ച 100 രൂപ നോട്ടും എന്നെ വിട്ടു പിരിഞ്ഞു. 

" ഇത്ര കൃത്യമായി പറഞ്ഞ സ്ഥിതിക്ക് ആദ്യം പറഞ്ഞ 200 ഉം തന്നു കൂടെ? "

പ്രേമം എന്ന്നിലെ ഏകാനോമിസ്റിനെ തോല്പ്പിച്ചു കളഞ്ഞു.  യാന്ത്രികമായി ഒരു 100 രൂപ കൂടി നീട്ടി.  ഇത് വരെ 10 രൂപ ഹോടലിൽ പോലും ടിപ് കൊടുക്കാത്ത ഞാൻ..! 
"എന്നാ സാരി സാറേ" കിട്ടിയതും കൊണ്ട് മുഖ ലക്ഷണകാരാൻ സ്ഥലം കാലിയാക്കി. 
അവളുടെ ചിരിയെ മനസ്സിൽ  താലോലിച്ചു കൊണ്ട് ഞാൻ മെല്ലെ നടന്നു തുടങ്ങി. 
സമയം പോകുന്തോറും ദിവാസ്വപ്നത്തിൽ നിന്നും പയ്യെ ഞാൻ ഉണര്ന്നു.  എന്റെ മാസ വരുമാനത്തിന്റെ 50  ശതമാനവും ഞാൻ ചിലവാക്കിയിരിക്കുന്നു.  എന്നാലും അവളുടെ കാര്യത്തില്  ഒരു തീരുമാനം ആയല്ലോ.
എന്നാലും....അബന്ധമായോ .

.ഞാൻ ഒന്ന് പുറകിലേക്ക് ആലോചിച്ചു നോക്കി .

"കടല് കടന്നു ജോലിക്ക് പോകും"-  22 -23 വയസ്സുള്ള 75 %  പിള്ളേരും ആലോചിക്കുന്ന കാര്യം.

"അമ്മയുടെ പോന്നു മോൻ" - അങ്ങനെ അല്ലാത്തവർ ആയി ആരാണ് ഈ ദുനിയാവിൽ ഉള്ളത്.

"മുല്ല , റോസാ, ചെത്തി, ചെമ്പരത്തി" 2 സെക്കന്റ്‌ കൊണ്ട് മനസിൽ വരുന്ന   മറ്റൊരു പൂവും ഉള്ളതായി തോന്നുന്നില്ല. 

 എന്നാലും അവളുടെ പേര് എങ്ങനെ കണ്ടു പിടിച്ചു?     "a " അലെങ്കിൽ "i ". 

 ചുമ്മാ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മനസ്സിൽ കൊണ്ട് നടന്നവൾ ഒരുത്തി ഉണ്ടായിരുന്നു. അവളുടെ പേരും "i "  ഇൽ  തന്നെ ആണ് അവസാനിക്കുന്നത്‌.

  പത്താം ക്ലാസ്, പ്രീ ഡിഗ്രി, ട്യൂഷൻ ക്ലാസ് ...എല്ലാ അവളുമാരുടെയും പേര് "i " അല്ലെങ്കിൽ "a " തന്നെ അവസാനം..

  ചേച്ചിയുടെ പേര്  "a ", അമ്മയുടെ പേരും "a ".. അമ്മ്മേ.. അമ്മ പോലും ഈ ചതിക്ക് കൂട്ട് നിന്നല്ലോ ദൈവമേ..!

ഇപ്പൊ മനസിലായില്ലേ മുഖ ലക്ഷണം നോക്കി നിങ്ങളെ സ്നേഹിക്കുന്ന പെണ്ണിന്റെ പേര് കണ്ടു പിടിക്കുന്നത്‌ എങ്ങനെ എന്ന്. !